2009 മാർച്ച് 26, വ്യാഴാഴ്‌ച

മടക്കയാത്ര


മടക്ക യാത്ര

ജ്വരമൂർച്ഛ ബാധിച്ച രാത്രി.

രസക്കൂടുകൾ പൊട്ടിച്ചിതറുന്ന

ഉഷ്ണമാപിനികൾ,

പനിക്കുന്ന രാത്രിക്കുമേൽ

ഊർധ്വശ്വാ‍സം പോലെ,

നിലക്കാത്ത കാറ്റ്....

അകലങ്ങളിൽ നായ്ക്കളുടെ വരവേല്പു ഗാനം.....

ബോധാബോധങ്ങളുടെ ഇടുങ്ങിയ ഇടനാഴികളിൽ,

അജ്ഞാതന്റെ മ്റുദുവായ കാലൊച്ച.

പിൻ വിളികളുടെ മുഴക്കങ്ങളിൽ

തേങ്ങലിന്റെ ഉപ്പുകലർന്ന ഇടർച്ചകൾ

നിറമില്ലാത്ത ശൂന്യതയുടെ

അവസാനിക്കാത്ത ഗുഹാവീഥികൾ

ദിനരാത്രങ്ങളില്ലാത്ത കാലത്തിലൂടെ

ഒടുങ്ങാത്ത യാത്ര......

ഓർമ്മകളുടെ സമയമാപിനികളിൽനിന്നും

മാഞ്ഞു പോകുന്ന അങ്കനങ്ങൾ

ഒടുവിൽ.............വീണ്ടും..........

ഏ.സി യുടെ മുരൾച്ച

ഔഷധങ്ങളുടെ രൂക്ഷ ഗന്ധം

മാർദ്ദവമുള്ള കൈത്തലങ്ങൾ

നിറങ്ങളുടെ ചലനങ്ങൾ.................

അജ്ഞാതനാ‍യ സന്ദർശകാ........

താങ്കൾ മടങ്ങിയെന്നു കരുതട്ടെയോ????? 

..............................പ്രസാദ്

2009 മാർച്ച് 18, ബുധനാഴ്‌ച

പീഡനകാലം

  പീഡനകാലം(ഒരു സംഭവ കഥ)

 

 

അതികഠിനമായ പീഡനം മൂലം മരിച്ച ഒരു കൊമ്പനാന പരലോകത്ത് മഹാവിഷ്ണുവിന്റെ സവിധത്തിൽ എത്തി. ക്ഷീണിതനും അത്യന്തം ദുഖിതനുമായിരുന്ന

ആ കൊമ്പന്റെ അവസ്ഥ കണ്ടു അലിവു തോന്നിയ തമ്പുരാൻ അവനെ അരികിൽ വിളിച്ചു ചോദിച്ചു

“നീ എന്താണ് ഇത്രയും പരവശനായി കാണപ്പെടുന്നത്,ഭൂമിയിൽ ആരാണ് നിന്നെ ഇത്രയും ഭീകരമായി ഉപദ്രവിച്ചത്പറയൂ..അവനു തക്ക ശിക്ഷ നാം നൽകുന്നുണ്ട്

പറയൂ ആരാണത്.?

പാവം കൊമ്പൻ ഒന്നും പറഞ്ഞില്ല.കഴിഞ്ഞു പോയ ഏതോ ദുരന്തം ഓർത്ത് അവൻ ഞടുങ്ങി.

ഭഗവാൻ വീണ്ടും ചോദിച്ചു;”പറയൂ അരാണത്നിന്നെ കാട്ടിൽ നിന്നും കെണിവച്ചുപിടിച്ചവരാണോ?,അവരെയാണോ ശിക്ഷിക്കേണ്ടത്.“

“പാവങ്ങൾ“; കൊമ്പൻ പറഞ്ഞു.“.എന്റെതിനേക്കാൾ കഷ്ട്മാണ് ആ ആദിവാസികളുടെ ജീവിതം..ആനത്താവളത്തിലെ അടിമപ്പണിക്കാർഅവരെ ഒന്നും ചെയ്യരുതേ തമ്പുരാനെ..”

“പിന്നെ ആരാണ്?നിന്നെ വാടകക്കു നൽകി പണമുണ്ടാക്കിയ നിന്റെ ഉടമസ്ഥൻ                        ഇട്ടൂപ്പ് മു.തലാളിയോ?”

“അയ്യോ വേണ്ട,“..അവൻ പറഞ്ഞു..”അയാൾ വെറും ബിസിനസ്സുകാരൻ മാത്രംഈ ബിസിനസ്സുകൊണ്ടാണ്.അയാളുടെ കുടുംബം കഴിയുന്നത്അയാളെ അങ്ങു ശിക്ഷിച്ചാൽ ആകുടുംബം വഴിയാധാരമാകും

“പിന്നെ ആരാണ് നിന്നെ ഇപ്രകാരം കൊടിയപീഡനത്തിനു ഇരയാക്കുവാൻ കാരണമായത്..”ഭഗവാൻ കോപം കൊണ്ടു തുടുത്തുഅദ്ദേഹത്തിന്റെ കൈ ചക്രായുധത്തിൽ അമർന്നു.”നിന്റെ പാപ്പാൻമാരോ,അവരാണോ നിന്റെ ഈ അവസ്ഥക്ക് കാരണം..മദ്യപിച്ചു ലക്കു കെട്ട് അവരാണോ ഈ കടും കൈ ചെയ്തത്..”

“അയ്യോരാപകൽ എന്നോടൊപ്പം അവരും വിശ്രമമില്ലതെ ജോലി ചെയ്യുന്നവരാണ്അല്പം മദ്യം സേവിക്കുന്നതു മാത്രമാണ് അവരുട ആശ്വാസംആനകളെ പ്രവേശിപ്പിക്കുന്ന ഷാപ്പുണ്ടായിരുന്നെങ്കിൽ ഞാനും കുടിക്കുമായിരുന്നു“  കൊമ്പൻ പറഞ്ഞു.

ഭഗവാൻ കോപം കൊണ്ടു വിറച്ചു

“നീ പറയുമ്പോൾ നിന്നെ പീഡിപ്പിച്ചവർക്കെല്ലാം  ഒരു കാരണമുണ്ട്..ഒരു കാരണവും കൂടാതെ നിന്റെ ഈ അവസ്ഥക്കു കാരണക്കരായവർ ഭൂമിയിൽ ഉണ്ടോ?അത്രക്കും ദുഷ്ടന്മാർ ആരണ്പറയൂ..”

കൊമ്പൻ മടിച്ചു മടിച്ചു പറഞ്ഞു

..”ആനപ്രേമികൾഅവരാണിതിനു കാരണക്കാർ.. പ്രഭോ. ..ഞങ്ങളോടു സ്നേഹം ഭാവിച്ചുംഞങ്ങൾ ഒരിക്കലും ഇഷ്ടപ്പെടാത്ത ഭക്ഷണം ഞങ്ങളുടെ ഇഷ്ട ഭക്ഷണമായി വ്യാഖ്യാനിച്ചും ഇവർ ഞങളെ നിരന്തരം പീഡിപ്പിക്കുകയാണ്മണ്ണിൽ പുതച്ചു നിൽക്കാൻ ഇഷ്ടപ്പെടുന്ന ഞങ്ങളെ ഒരു നുള്ളു മണ്ണു പോലുമില്ലാതെ കുളീപ്പിച്ച്  കടുത്ത വെയിലത്തു നിർത്തുവാൻ ഇവർ നിർബന്ധി.ക്കുകയാണ്ഏതെങ്കിലും ഒരാന വിശ്രമമില്ലാത്ത അനേകം ദിവസങ്ങൾക്കു ശേഷം അല്പം ഒന്നു കുറുമ്പു കാട്ടിയാൽ അതു ഭഗവാന്റെ തിടമ്പു കിട്ടാത്തതിന്റെ പിണക്കമായി ഇക്കൂട്ടർ  പറഞ്ഞു പരത്തും……”കൊമ്പന്റെ ശബ്ദം ഇടറി”അല്ലയോ മഹാപ്രഭോ.ഈ ആനപ്രേമികൾ ഭൂമിയിൽ ഉള്ളകാലം വരെ എന്നെ ഭൂമിയിൽ അയ്ക്കരുതേ..മറ്റെന്തു ശിക്ഷയും ഞാൻ ഏറ്റുവാങ്ങിക്കൊള്ളാംഭഗവാനേ

 മഹാവിഷ്ണു ചിന്താ മഗ്നനായി സിംഹാസനത്തിലേക്കു മലർന്നു ……….

2009 മാർച്ച് 10, ചൊവ്വാഴ്ച

പ്രണയ പർവം


                                  പ്രണയ പർവ്വം

       നഗരത്തിൽ വീഡിയോ ഷോപ്പ് നടത്തൂന്ന വിജയനോടൊപ്പം ഒളിച്ചോടാൻ തീരുമാനിച്ചിരുന്ന ദിവസം വൈകുന്നേരമാണ് അമേരിക്കയിൽ നിന്നും അവധിക്കുവന്ന അമ്മായിയും ഭർത്താവും അന്നപൂ‍ർണ്ണയുടെ വീട്ടിൽ എത്തിയത്.വീടിന്റെ 

മുകൾ നിലയിലുള്ള തന്റെ മുറിയിൽ  അത്യാവശ്യം വേണ്ട  ഡ്രസ്സുകളൊക്കെ ഒരു ബാഗിൽ എടുത്തു വയ്ക്കുകയായിരുന്നു അന്നപൂർണ്ണ.ഇത്തരം ഒരു യാത്രയിൽ ബാഗുകളും മറ്റും ഒഴിവാക്കുന്നതാണ് നല്ലതെന്നു താൻ കണ്ടിട്ടുള്ള ധാരാളം ഹിന്ദി സിനിമകളിൽ നിന്നും സീരിയലുകളിൽ നിന്നും അവൾ മനസ്സിലാക്കിയിട്ടുണ്ട്. ആ വിവരം അവൾ വിജയനോടു പറയുകയും ചെയ്തു...“വെറുതെ ഹാങ് ഔട് ആയി നടന്നാൽ ആരും നോട്ടു ചെയ്യില്ല. അല്ലാതെ ഈ ബാഗുമൊക്കെ  തൂക്കി പഴയ കാമുകീ കാമുകരുടെ ഒളിച്ചോട്ടം പോലെ ...........ഒന്നാമത് ഒരു പഴഞ്ചൻ സ്റ്റൈൽ...പിന്നെ ഏതായാലും നഗരത്തിൽ ചെല്ലുമ്പോൾ ഒരു ഷോപ്പിംഗ് നടത്തണമല്ലോ....ഡ്രസ്സുകളൊക്കെ അപ്പോൾ വാങ്ങാം“, എന്ന് അന്നപൂർണ്ണ അഭിപ്രായപ്പെട്ടിരുന്നു.                  .“

പക്ഷെ അയാൾ പറഞ്ഞു ,“അവിടെ എത്തിയാലും ജോലിക്കു അല്പം താമസം വന്നേക്കാം..അതു വരെ എന്റെ മോൾക്ക് ഡ്രസ്സു വേണ്ടെ? നീ ഒരു പുതിയ ജീവിത ത്തിലേക്കു കടക്കുകയാണ്..അതോർമ്മവേണം”

പിന്നെ അവൾ ഒന്നും പറഞ്ഞില്ല.ഡ്രസ്സ് എടുക്കാൻ തന്നെ തീരുമാനിച്ചു,ഒരു നേരിയ നിരാശ തോന്നിയത് പുറമേ കാണിച്ചില്ല.

            തുറന്നുകിടന്ന ഗെയ്റ്റിലൂടെ, മുറ്റത്തെ ലോണിനു നടുവിലെ ചെറിയ കുളം ചുറ്റി , വിവിധ വർണ്ണങ്ങളുള്ള കോൺക്രീറ്റു ബ്ലോക്കുകൾ പതിച്ച പാതയിലൂടെ കാർ പോർച്ചിലെത്തി നിൽക്കുന്ന ശബ്ദം അന്നപൂർണ്ണ കേട്ടു.

കോളിംഗ് ബെല്ലിന്റെ ശബ്ദത്തിനു പകരം ഉയർന്നു കേട്ട അമ്മായിയുടെ ഉച്ചത്തിലുള്ള ശബ്ദം അന്നപൂർണ്ണ തിരിച്ചറിഞ്ഞു   

മത്സര ഓട്ടത്തിന്റെ സ്റ്റാർട്ടിംഗ് പിഴച്ച കായിക താരത്തെപ്പോലെ അവൾക്കു നിരാശ തോന്നി.

അന്നപൂർണ്ണ സാവധാനം താഴേക്ക് ഇറങ്ങി വന്ന് കതകു തുറന്നു......    പട്ടു സാരിയിൽ പൂത്തുലഞ്ഞ് അമ്മായി......കൂടെ മധ്യവയ്സ്സിനെ ബുധ്ദിമുട്ടിയാണെങ്കിലും പിടിച്ചു നിർത്തിയിരിക്കുന്നഅമ്മാവനും... അമേരിക്കയിൽ അഛനും അമ്മയും ജോലി ചെയ്യുന്ന സ്തലത്തു തന്നെയാണ് ഇവരും ജോലി ചെയ്യുന്നത്.അമ്മായി അച്ഛന്റെ നേരെ ഇളയ പെങ്ങളാണ്.ചില്ലു വീണുടയുന്നതുപോലെ എപ്പോഴും ചിരിക്കും

അന്നപൂർണ്ണ ചിരിക്കാൻ ശ്രമിച്ചു...!

കാറിന്റെ ഡിക്കിയിൽ നിന്നും താഴെ ഇറക്കിയ ഒരു വലിയ സ്യൂട്കെയ്സും താങ്ങി നിൽക്കുകയാണ് അവർ.

“ഹോ....വല്ലാത്ത ഭാരം....നിന്റെ അഛനും അമ്മയും തന്നയച്ചതാ....ചുമക്കാൻ ഞങ്ങളും..”അമ്മായി ചിരിച്ചു

റ്റി.വി.സീരിയലിന്റെ പിടിയിൽ നിന്നും മോചിതരായ വല്യച്ഛനും വല്യമ്മയും അപ്പോഴേക്കും ഓടിയെത്തി.

അമ്മായി കലപിലാ സംസാരീച്ചുകോണ്ടേ ഇരുന്നു;അമേരിക്കയിലെ വിശേഷങ്ങൾ

അമ്മായിയുടെ വിശേഷങ്ങൾ,

അന്നപൂർണ്ണയുടെ മാതാപിതാക്കളുടെ വിശേഷങ്ങൾ,

അങ്ങിനെ ഒന്നിൽ നിന്നും ഒന്നിലേക്ക് പൂമരചില്ലകളിൽ കാറ്റ് അടിക്കുന്നതുപോലെ സംസാരം നീണ്ടു നീണ്ടു പോയി....

പെട്ടി താങ്ങിപ്പിടിച്ച് അവർ ഡ്രോയിംഗ് റൂമിൽ എത്തിച്ചു.,പെട്ടിക്കുള്ളിലെ സാധനങ്ങളിൽ അന്നപൂർണ്ണക്കു താത്പര്യം തോന്നിയില്ല...അവളുടെ മനസ്സ് പത്തു മണിക്കു കാറുമായി എത്താമെന്നു പറഞ്ഞിട്ടുള്ള വിജയന്റെ അടുത്തായിരുന്നു....

ഒരു കൂട്ടുകാരന്റെ കാറുമായി പത്തു മണിക്ക് അവൻ വരും..പിന്നാമ്പുറത്തെ ഗെയ്റ്റു കടന്ന് താൻ റോഡിലെത്തിയാ‍ൽ   പത്തു മിനിറ്റിനുള്ളിൽ റെയിൽ വേസ്റ്റേഷൻ......രാത്രി പതിനൊന്നു മണിയുടെ ട്രെയിനിനു അവിടെനിന്നും മദ്രാസ്...അവിടെ വിജയ്ന്റെ വകയിലുള്ള ഒരു ചിറ്റപ്പന്റെ വീട്ടിൽ താമസിച്ച് ഒരു ജോലി കണ്ടു പിടിക്കുക....

രണ്ടു കാര്യങ്ങളിൽ അവൾക്ക് നിരാശ തോന്നി

മദിരാശി വരെ കാറിൽ പോകണമെന്നു അവൾ ആശിച്ചിരുന്നു....ഡ്രൈവു ചെയ്യുന്ന വിജയന്റെ തോളിൽ തലചായ് ച്ച്...പാതി മയക്കത്തിൽ അങ്ങിനെ സഞ്ചരിക്കുക. അതുപോലെ  മദ്രാസിൽ വിജയനുമൊത്ത്  ഒറ്റക്ക് താമസിക്കാനയിരുന്നു അവൾക്കു താത്പര്യം...

എന്നാൽ വിജയന്റെ പത്ധ്തികളുടെ വിലങ്ങനെ തന്റെ പത്ധതികൾ അവതരിപ്പിക്കൻ അവൾക്കു മടുപ്പു തോന്നിയിരുന്നു...

മുറ്റത്തെ ലോണിനു നടുവിലുള്ള പോസ്റ്റിൽ ലൈറ്റു തെളിഞ്ഞു.അമ്മായി ഇന്നു പോകുന്ന മട്ടു കാണുന്നില്ല.

മുത്തശ്ശനും മുത്തശ്ശിയും അമ്മായിയോടൊപ്പം ബാഗിനുള്ളിലെ സമ്മാനപ്പൊതികൾ അഴിക്കുന്ന ജോലിയിൽ മുഴുകി.

ഓരോ പൊതി അഴിക്കുമ്പോഴും അമ്മായി അതേക്കുറിച്ചുവിശദീകരിക്കുന്നുണ്ടായിരുന്നു....

അന്നപൂർണ്ണ ഉത്സാഹം കാണിച്ചില്ല...തലവേദനയാണെന്നു പറഞ്ഞ് അവൾ മാറി നിന്നതേയുള്ളു...

വിലപ്പിടിപ്പുള്ള സമ്മാനങ്ങൾ ഒന്നൊന്നായി എടുത്തു വയ്ക്കുമ്പോൾ പലതും അച്ഛനോട് താൻ        ആവശ്യപ്പെട്ടിരുന്നവയാണെന്ന് അവൾ ഓർത്തു.സാവധാനം അവൾ സമ്മാനപ്പൊതികളുടെ കൌതുകങ്ങളീലേക്കു കടന്നു ചെന്നു

വിലകൂടിയ ഒരൂ മാല എടുത്ത് അമ്മായി അവളെ അടൂത്തുവിളിച്ചു...

“ഇതാ നിനക്കൊരു സ്പെഷ്യൽ സമ്മാനം..”

അവൾ മാല കഴുത്തിൽ വച്ചു നോക്കി...നല്ലചേർച്ച..വൈരക്കല്ലു പതിപ്പിച്ച മനോഹരമായ മാല.

“ആരു തന്നതാണെന്നുചോദിച്ചില്ലല്ലോ.”അവർ മനോഹരമായി ചിരിച്ചു..

അവൾ അമ്മായിയെ നോക്കി....”അമ്മ......അതോ അഛനോ.....”

“രണ്ടു പേരുമല്ല” അവർ മുത്തശ്ശനെയും മുത്തശ്ശിയേയും മാറി മാറി നോക്കി; “ഇത് അനൂപിന്റെ വകയാണ്”

“നിനക്കുവേണ്ടി അവൻ തന്നേ സെലക്റ്റു ചെയ്തതാ......”

പെട്ടന്ന് അവൾ അനൂപിനെ ഓർത്തു.ഗ്രഹണത്തിനു ശേഷം സൂര്യൻ തെളിയുന്നതുപോലെ ....ഇത്രയും കാലം അവനെ ഓർക്കാത്തതിൽ അവൾ അത്ഭുതപ്പെട്ടു..

വേനലവധിക്കു വീട്ടിൽ വരാറുണ്ടായിരുന്നു അനൂപ്.....

വിറയാർന്ന ഒരു ചുംബനത്തിന്റെ ഓർമ്മകൾ കുറേക്കാലം അവൾ സൂക്ഷിക്കുകയും ചെയ്തതാണ്.പിന്നെ എപ്പോഴോ ഒരു പൂവ് കൊഴിയുന്നതുപോലെ ആ ഓർമ്മകൾ മാഞ്ഞ ത് അവൾ പോലും അറിഞ്ഞിരുന്നില്ല.

മാലയുമായി അവൾ തന്റെ മുറിയിലേക്കു പോയി......കിടക്കയിലേക്കു വീണു  .. ഓർമ്മകളുടെ മേഘപ്പരപ്പിൽ ഭാരമില്ലതെ അവൾ  ഒഴുകി നടന്നു. മയക്കത്തിന്റെ വഴുക്കുന്ന വരമ്പുകളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു സ്വപ്നത്തിന്റെ അരുവിയിലേക്കു അവൾവീണു..

മദ്രാസ് നഗരത്തിലൂടെ അവൾ ഒരു ടാക്സിയിൽ സഞ്ചരിക്കുകയാണ്...അടുത്തിരിക്കുന യുവാവിന്റെ മുഖം വ്യക്തമല്ല...കാറിന്റെ പിറകിലുള്ള ചില്ലിലൂടെ നോക്കിയപ്പോൾ അവൾ കണ്ടു

....ആരൊക്കെയോ കാറിനു പുറകിൽ .....അവർ ഒഴുകുകയാണെന്നു തോന്നുന്നു..അഛൻ... അമ്മ....പിന്നെ ഒരു മുഖം....അതാരാണ്..ഓ...വിജയൻ.....അല്ല...അനൂപ്.....പിന്നെ സാവധാനം ..തെരുവിലെ തിരക്കു കുറയുന്നു

അമേരിക്കയിലെ ഏതോ നഗരത്തിൽ വൈദ്യുത ദീപങ്ങളുടെ പ്രഭയിൽ  കുളീച്ച ഒരു തെരുവിലൂടെ അവൾ ഒരു കാറിൽ സഞ്ചരിക്കുകയാണ്.....കാർ ഓടിക്കുന്നത് അനൂപാണെന്നു തോന്നുന്നു.....അവൾ അവ്ന്റെ തോളിലെക്കു ചാഞ്ഞു....

ഭിത്തിയിലെ ക്ലോക്കിന്റെ സൂചി സമയത്തെ ചവിട്ടി മെതിച്ചുകൊണ്ടു മുന്നൊട്ടു പോയി

ഏതോ വണ്ടിയുടെ ഉച്ചത്തിലുള്ള ഹോണടി കേട്ട്  അന്നപൂർണ്ണ ഞെട്ടിഉണർന്നു.മണി പത്തിനൊന്ന്

അവൾ ജനാലക്കപ്പുറം നിരത്തിലേക്കു നോക്കി...

അവിടെ ഒരു കാർ പാർക്കു ചെയ്യുന്നുണ്ടോ.......???

അവൾ ഒന്നു സംശയിച്ചു.....പിന്നെ കൈ എത്തിച്ച് ലൈറ്റ് ഓഫാക്കി......

പുതിയ മാല ഗൌണിനുള്ളിലേക്കു വലിച്ചിട്ടീട്ട് അന്നപൂർണ്ണ കമഴ്ന്നു കിടന്നു........അതിന്റെ തണുപ്പ് അവളുടെ നെഞ്ചിലേക്ക് അരിച്ചിറങ്ങി..

സാവധാനം ഉറക്കത്തിന്റെ  നനുത്ത മേഘ പാളീകളിലൂടെ അവൾ  ഒഴുകാൻ   തുടങ്ങി.....

2009 മാർച്ച് 5, വ്യാഴാഴ്‌ച

നിയോഗം

കടുത്ത ചൂടിൽ നിന്നു രക്ഷനേടാനായി ഒരിക്കൽ ഒരു പവം മഴക്കാർ നഗരത്തിലെ ഒരു ബംഗ്ലാവിനു മുൻപിലെത്തി.ടെറസ്സിലെ അലുമിനിയം മേൽക്കൂരക്കു താഴെ മഴക്കാർ തനിക്ക് ഇരിക്കാൻ ഒരു ഇടം കണ്ടെത്തി

        താഴത്തെ മുറിയിൽ നിന്നും ഏ.സി.യുടെ ഇരമ്പം .......!

മഴക്കാർ പുറത്തേക്കു നോക്കി....ഉരുകി ഒലിക്കുന്ന തീ നാളങ്ങൾ ക്കു മേൽ നിഴൽ പരക്കാൻ തുടങ്ങിയിരിക്കുന്നു!                 അത് ഒന്നു നിശ്വസിച്ചു...

സാവധാനം മയങ്ങിപ്പൊയ മഴക്കാർ താഴത്തെ മുറിയിലെ സംസാരം കേട്ടാണ് ഉണർന്നത്.

“നാശം...മഴ പെയ്യുമെന്നു തോന്നുന്നു..ഇന്നത്തെ പാർട്ടി കുളമാകും...”

ദേഷ്യം സഹിക്കനാവാത്ത ഒരു സ്ത്രീ ശബ്ദം...

പുറത്തെ നിരത്തിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പിനു മുൻപിൽ വെള്ളത്തിനു കാത്തിരിക്കുന്ന സ്ത്രീ കളുടെ ബഹളം

“ശ്ശൊ...ഗാർഡൻ പാർട്ടിയാണ്...ഈ മഴ എല്ലം നാശമാക്കും..” ..സ്ത്രീ ശകാരം തുടരുന്നു..

“സാരമില്ല..ഡിയർ..ഈ മഴ പെയ്യുമെന്നു തോന്നുന്നില്ല”..ഭർത്താവാണെന്നു തോന്നുന്നു...ആശ്വസിപ്പിക്കാനുള്ള ശ്രമമാണ്..

സ്ത്രീ അയാളെ എന്തോ പറഞ്ഞു.....മഴക്കാർ ചെവി പൊത്തി...പൈപ്പിനു ചുവട്ടിലെ ബഹളം കൂടി വന്നു....വെള്ളം ഇനിയും എത്തിയിട്ടില്ല...

“യു.എസ്സിൽ  നിന്നും സണ്ണിച്ചൻ.. വന്നിട്ടുണ്ട്... പാർട്ടിക്കു വരുമെന്നു ഇന്നലെയും വിളിചിരുന്നു സ്ത്രീയുടെ ശബ്ദം തേങ്ങലോളം എത്തി...“ഈ നശിച്ച മഴ പെയ്താൽ പുള്ളി വരുമെന്നു തോന്നുന്നില്ല..”

“ഈ പൊള്ളുന്ന ചൂടിൽ ഒരു മഴ പെയ്താൽത്തന്നെ എന്താ...?”ഭർത്താവിന്റെ ദുർബലമായ സ്വരം

എ.സി.യുടെ ഇരമ്പം കൂടി..അതിനു മീതെ പെൺ ശബ്ദം ഉയർന്നു...

“ദേ..ഞാൻ വല്ലതും പറഞ്ഞു പോകും... , തുടർന്ന്  ചില രാത്രികളുടെ സൂചനകൾ.......!

ഓർക്കാൻ ഇഷ്ടപ്പെടാത്തതിനാലാവാം ഭർത്താവിന്റെ ശബ്ദം പിന്നീടു കേട്ടില്ല..

“മഴ പെയ്യുന്നത് കറണ്ട് ഉണ്ടാകാനാ...മഴ അണക്കെട്ടിൽ പോയി പെയ്യട്ടെ..”അവർ തൻറെ      വിജ്ഞാനം വെളിപ്പെടുത്തി

പുറത്തെ ബഹളം അടച്ചിട്ട വാതിലിനു പുറത്ത് അവസാ‍നിച്ചു.ഇനിയും വെള്ളം എത്തിയില്ല..

മഴക്കാർ എണീറ്റു...ഒരു നിമിഷം ആലോചിച്ചു.....എന്നിട്ട് എങ്ങോട്ടോ നടന്നു....

  ...അണക്കെട്ടു നോക്കി പോയതാണോ......ആർക്കറിയാം.....

                                                         

2009 മാർച്ച് 3, ചൊവ്വാഴ്ച

നാന്ദി

ഈ എളിയ തൂലികാകാരന് ഒരു എളിയ പ്രാർധന മാത്രം................................

                                  ഈ തൂലിക പടവാളായി  മാറരുതേ ദൈവമേ..............